Thursday, April 22, 2010

ശ്രീകോവില്‍

ഓടത്തണ്ടിലുണര്‍ന്നിടുന്ന കവിതേ
കാതോര്‍ക്ക കാറ്റിന്‍ സ്വനം
തേടിത്തേടിയലഞ്ഞു ചെല്ലുക
പഴേ വത്മീക മന്ത്രങ്ങളില്‍
പാടിക്കൂട്ടിയ പട്ടുനൂലിഴകളാല്‍-
ത്തുന്നിച്ച വസ്ത്രാഞ്ചലം
ചൂടി,ത്തേടിയ കാവ്യകന്യ
നടനം ചെയ്യുന്ന രംഗങ്ങളില്‍

കാലം മുമ്പിലെറിഞ്ഞുതന്ന കനക-
ച്ചെപ്പിന്നകത്തിപ്പൊഴും
ഓലുന്നുണ്ടഴകാര്‍ന്നുതിര്‍ന്ന കവി തന്‍
കണ്ണീര്‍ക്കണചിന്തുകള്‍
സ്ഥൂലം ജീവിത നാടകക്കളരിയും
സൂക്ഷ്മാംശ ഭാവങ്ങളും
കാലത്തിന്‍ തിരശ്ശീലയാം കവിതയില്‍-
ക്കാണിച്ച കാല്‍പ്പാടുകള്‍

കാണും ദര്‍ശന ശുക്തികള്‍ തെളിമയോ-
ടെന്നും തുടച്ചീടുകില്‍
ചേണാര്‍ന്നുണ്മയുണര്‍ത്തിടാന്‍ തരമെഴും
കാവ്യപ്രകാശം ചിരം
മണ്ണും പെണ്ണുമണച്ചിടും പ്രണയവും,
കത്തുന്ന കാലുഷ്യവും
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ കനിവിന്‍
കാലൊച്ചയും കേട്ടിടാം

ഈ ലോകത്തിനു കീഴിലുള്ള സകലം
കാലച്ചുവര്‍ച്ചിത്രമായ്
ചേലില്‍ച്ചേര്‍ത്തു വരച്ചു വച്ചു കവികള്‍
സൌവര്‍ണ്ണ മുദ്രാങ്കിതം
കാലത്തിന്റെയിടര്‍ച്ചയോ? കവികുലം
നാട്ടില്‍പ്പെരുക്കുന്നതിന്‍
കോലം തുള്ളിയറഞ്ഞുറഞ്ഞു പലതും
പേയായ് പ്പുലമ്പുന്നിതാ !

ആരോ കൊട്ടിയടച്ചുവോ? കവിതതന്‍-
ശ്രീകോവിലും കാവലായ്
ചാരേ ചെന്നു, ചെരാ‍തുമായ് പ്രഭ ചൊരി-
ഞ്ഞോര്‍ തന്റെ വായ്ത്താരിയും
നേരാണോര്‍ക്കുക! കോവിലില്‍ നിറമൊടേ
കത്തുന്ന കാന്തിപ്രഭാ -
പൂരം കണ്ണിലുണര്‍ത്തിടുന്നതുലമാം
ഭാവം മറഞ്ഞീടുമോ?

മായും മുറ്റിയ നവ്യകാല കവിതാ
പ്രേമം സ്വയം, തീര്‍ച്ചയാ-
ണായുസ്സറ്റതു വീണിടും കവനമീ-
മട്ടില്‍ച്ചുരുങ്ങീടുകില്‍
മായാസൃഷ്ടമതീവ ജീര്‍ണ്ണകലുഷം
കാലപ്രയാണത്തിലും
മായില്ലീഭുവി ഭാവപൂര്‍ണ്ണത തരും
കാവ്യങ്ങളാം ചിത്തുകള്‍ !